Photo: AFP
സിഡ്‌നി : പതിവുപോലെ സിഡ്‌നി ടെസ്റ്റിലും ഓഫ് സ്റ്റമ്പ് കെണിയില്‍ വീണ് വിരാട് കോലി. ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് കോലി പുറത്തായത്. ഔട്ടായി മടങ്ങിയ കോലിയെ ഇത്തവണയും ഓസ്‌ട്രേലിയന്‍ കാണികള്‍ കൂവിവിളിച്ചു.
നേരിട്ട ആദ്യ പന്തില്‍ തന്നെ കോലിയെ മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോലിയുടെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് വന്ന പന്ത് പിടിക്കാന്‍ സ്റ്റീവ് സ്മിത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്മിത്തിന്റെ കൈയില്‍ നിന്ന് ഉയര്‍ന്ന പന്ത് ലബുഷെയ്ന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ സ്മിത്തിന്റെ കൈയില്‍ നിന്ന് പന്ത് നിലത്തുതട്ടിയതായി വ്യക്തമായി.
എന്നാല്‍ കോലിയുടെ പോരാട്ടം 32-ാം ഓവറില്‍ ബോളണ്ട് അവസാനിപ്പിച്ചു. 69 പന്തില്‍ നിന്ന് 17 റണ്‍സെടുത്തായിരുന്നു കോലിയുടെ മടക്കം. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല. പരമ്പരയിലുടനീളം ഓഫ് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞ് കോലിയുടെ വീഴ്ത്തുന്ന പതിവ് ഇത്തവണയും ഓസീസ് ഫലപ്രദമായി നടപ്പാക്കി. പരമ്പരയില്‍ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ എഡ്ജ് ആയി പുറത്താകുന്നത്. 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ കോലിയുടെ സ്‌കോറുകള്‍.
പൊതുവെ ഓസ്ട്രേലിയന്‍ കാണികളുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത കോലിയെ ഇത്തവണയും കാണികള്‍ കൂവലുകളോടെയാണ് മടക്കിയത്. മെല്‍ബണ്‍ ടെസ്റ്റിനിടെയും കോലിയും ഓസീസ് കാണികളും പോരടിച്ചിരുന്നു. മെല്‍ബണില്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോലിയെ ടണലില്‍വെച്ച് ഒരു വിഭാഗം ഓസീസ് കാണികള്‍ കൂവിവിളിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇതോടെ പ്രകോപിതനായ കോലി ടണലില്‍ പ്രവേശിച്ച ശേഷം തിരികെയെത്തി തന്നെ പരിഹസിച്ചവര്‍ക്കു നേര്‍ക്ക് തുറിച്ചുനോക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പുതന്നെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍വന്ന് കോലിയെ ശാന്തനാക്കി ടണലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവം കാരണം തന്നെ കോലി ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഈ സംഭവത്തില്‍ കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചിരുന്നു. ഒന്നാം ദിനം 10-ാം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. ഓസീസ് താരം ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും സമാധാനിപ്പിച്ചത്.
