പ്രതീകാത്മക ചിത്രം

അഹമ്മദാബാദ് : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഡിജിറ്റല്‍ അറസ്റ്റിലൂടെ 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. റഷ്യന്‍ പൗരനായ അനാട്ടോളി മിറോണോവ് എന്നയാളെ ഗുജറാത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞവര്‍ഷമാണ് ഇന്ത്യയിലെത്തിയത്.

നഗരത്തിലെ ഒരു ബിസിനസുകാരന്‍ കൊടുത്ത പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കവേയാണ് അറസ്റ്റ്. കസ്റ്റംസെന്നും പോലീസ് ഉദ്യോഗസ്ഥരെന്നും പറഞ്ഞ് തട്ടിപ്പുസംഘം ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്നും 17 ലക്ഷത്തോളം രൂപ കവര്‍ന്നെന്നുമാണ് പരാതി നല്‍കിയത്. ഈ പണത്തിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് സംഘത്തെ സഹായിച്ചത് മിറോണോവാണെന്നാണ് പോലീസ് പറയുന്നത്.

തട്ടിപ്പ് നടത്തുന്ന സംഘത്തിന് പണം അക്കൗണ്ടുകളിലേക്ക് കൈമാറാനുള്ള സഹായങ്ങള്‍ ഇയാളാണ് ചെയ്തുകൊടുത്തത്. കുറ്റകൃത്യങ്ങള്‍ വഴി ലഭിക്കുന്ന പണം വിവിധ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും അത് ക്രിപ്‌റ്റോകറന്‍സിയായി മാറ്റാനുമെല്ലാം തട്ടിപ്പുസംഘത്തെ സഹായിച്ചത് മിറോണോവാണെന്ന് പോലീസ് കണ്ടെത്തി. നേരത്തേ പുണെയില്‍ വെച്ച് മറ്റൊരു തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ജയിലില്‍ നിന്ന് സൈബര്‍ ക്രൈം സെല്‍ കസ്റ്റഡിയിലേക്ക് വാങ്ങുകയായിരുന്നു.