കോഴിക്കോട് ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുന്നു
രാമനാട്ടുകര : കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് 30-നകം പൂർണമായി തുറന്നുകൊടുത്തേക്കും. മാർച്ച്, ഏപ്രിൽ മാസത്തോടെ നിർമാണജോലികൾ പൂർത്തിയാകുമെന്നും ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹൻ കൺസ്ട്രക്‌ഷൻ കമ്പനി (കെഎം.സി.) അധികൃതർ അറിയിച്ചു.
രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള 28.4 കിലോമീറ്റർ ഭാഗമാണ് ഇവർ നിർമിക്കുന്നത്. ഇതിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി. പാത കടന്നുപോകുന്ന ഭാഗത്തെ നാലുപാലങ്ങളുടെ ജോലിയാണ് ഇനി പ്രധാനമായും തീർക്കാനുള്ളത്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലെ പാലങ്ങളാണ് ഇവ. നിലവിലുള്ള പാലങ്ങളുടെ പടിഞ്ഞാറുഭാഗത്തായാണ് ഇവ നിർമിക്കുന്നത്.
ഇതിൽ 800 മീറ്ററോളം നീളമുള്ള കോരപ്പുഴപ്പാലമാണ് ഏറ്റവും വലിയത്. ഈ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. മറ്റു ജോലികളാണ് ശേഷിക്കുന്നത്. 80 ശതമാനം ജോലി പൂർത്തിയായ മാമ്പുഴപ്പാലത്തിന്റെ സമീപനറോഡ് നിർമാണം പൂർത്തിയാകേണ്ടതുണ്ട്. പുറക്കാട്ടിരി പാലത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയായി. അറ്റകുറ്റപ്പണി മാത്രമാണ് ശേഷിക്കുന്നത്. എട്ടു സ്പാനുകളുള്ള അറപ്പുഴപ്പാലത്തിന്റെ നാല് സ്പാനുകളുടെ കോൺക്രീറ്റിങ് വ്യാഴാഴ്ച രാത്രി തുടങ്ങി. ആറിന് ശേഷിക്കുന്ന സ്പാനുകളുടെ കോൺക്രീറ്റിങ് നടക്കും.വെഹിക്കിൾ ഓവർപാസിന്റെ നിർമാണം വേങ്ങേരിയിൽ ഫെബ്രുവരിയിലും മലാപ്പറമ്പിൽ മാർച്ചിലും പൂർത്തിയാകും. കൊടൽ നടക്കാവ് നടപ്പാതനിർമാണം ഏകദേശം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു.
