കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം. നേതാക്കളായ എ. പീതാംബരൻ, കെ.വി. കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ. മണികണ്ഠൻ

കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ നാല് നേതാക്കളെ അഞ്ച് വര്‍ഷം ശിക്ഷിച്ച വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയായി. മുൻ എം.എൽ.എ. മുതൽ ലോക്കൽ കമ്മിറ്റി മുൻ അംഗം വരെ ശിക്ഷിക്കപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു മുന്‍ എം.എല്‍.എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്‌. കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് ഇത്രനാൾ വാദിച്ച പാര്‍ട്ടിയുടെ വാദങ്ങളുടെ മുനയൊടുക്കുന്നതാണ് സിബിഐ കോടതിയുടെ വിധി. സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് കേസിലെ ഒന്നാംപ്രതി എ. പീതാംബരൻ. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പീതാംബരന് വിധിച്ചത്‌. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരേ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പീതാംബരനെ കൂടാതെ, മറ്റ് മൂന്ന് നേതാക്കൾക്കും അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതിലെ ഏറ്റവും പ്രധാനി ഉദുമ മുൻ എം.എൽ.എ. കെ.വി കുഞ്ഞിരാമനാണ്. ഒരു മുൻ എം.എൽ.എ.യെ കൊലപാതകത്തിന് ശിക്ഷിക്കുന്നത് ഞെട്ടലോടെയാണ് പാർട്ടി കേട്ടത്. കേസിലെ 20-ാം പ്രതിയായിരുന്നു കെ.വി. കുഞ്ഞിരാമൻ. ജില്ലാ സെക്രട്ടറിയായി വരെ പരിഗണനയിലുണ്ടായിരുന്ന കെ.വി. കുഞ്ഞിരാമനെതിരായ കോടതി വിധി കാസർകോട്ടെ പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ഒന്നാംപ്രതി ഒഴികെയുള്ള മൂന്ന് നേതാക്കൾക്കെതിരേയും കോടതി കണ്ടെത്തിയത്. ഇവരിൽ 14-ാം പ്രതി കെ. മണികണ്ഠൻ ഉദുമ ഏരിയാ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലേക്ക് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട നേതാവാണ് മണികണ്ഠന്‍. മണികണ്ഠനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കോടതി വിധി. 21-ാം പ്രതി രാഘവൻ വെളുത്തോളി പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുപ്രതികളും സജീവ സി.പി.എം. പ്രവർത്തകരാണ്.

ഇവരെകൂടാതെ, കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടവരിലും സി.പി.എമ്മിലെ പ്രധാനികളുണ്ടായിരുന്നു. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഏച്ചിലടുക്കം ബ്രാഞ്ച് മുൻ സെക്രട്ടറി പി. രാജേഷ് എന്നിവരുൾപ്പെടെയുള്ള പത്ത് പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. വെറുതേവിട്ട മറ്റ് എട്ടുപേരും പാർട്ടി പ്രവർത്തകരാണ്. ഇവരെ വെറുതേവിട്ടതിനെതിരേ അപ്പീൽ നൽകുമെന്ന് കോൺ​ഗ്രസ് നേതതൃത്വം ഇതിനോടകം വ്യക്തമാക്കിയതിനാൽ കേസ് ഇവിടംകൊണ്ട് അവസാനിക്കാനുള്ള സാധ്യത കുറവാണ്.

കേസിൽ കോടതി വിധി വന്നതോടെ പെരിയ കൊലപാതകക്കേസിൽ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന സി.പി.എം. നേതാക്കളുടെ വാദമാണ് പൊതുസമൂഹത്തിന് മുന്നിൽ പൊളിയുന്നത്. പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ്‌ എ.കെ. ബാലൻ പ്രതികരിച്ചത്. എല്ലാം നിയമപരമായ നടപടിയാണെന്ന് വിഷയത്തെ അദ്ദേഹം ലഘൂകരിച്ചു. ഒരു കോൺഗ്രസ്‌കാരൻ മറ്റൊരു കോൺഗ്രസുകാരനെ കൊല്ലാൻ യാതൊരു മടിയും കാണിക്കില്ലെന്നുകൂടെ അന്ന് ബാലൻ പറഞ്ഞുവെച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമെടുക്കുന്ന നിലപാട് എന്തായിരിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.