മെഗാഭരതനാട്യം പരിപാടി

കൊച്ചി : ഉമാ തോമസ് എം.എല്‍.എ. സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിലെ മൂന്നാംപ്രതിയും ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്.

അതേസമയം മൃദംഗവിഷനുമായി ബന്ധപ്പെട്ട് ഒരു അക്കൗണ്ട് കൂടി മരവിപ്പിക്കാന്‍ പോലീസ് നീക്കം. ഇത് സംബന്ധിച്ച് പോലീസ് ബാങ്കിന് അപേക്ഷ കൈമാറിയതായാണ് വിവരം. നേരത്തെ മൃദംഗവിഷന്‍ നര്‍ത്തകരില്‍ നിന്ന് പണം സ്വീകരിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

ഉമാ തോമസ് എം.എല്‍.എ. സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മൃദംഗവിഷന്റെ എംഡി ചോദ്യം ചെയ്യലിന് ഹാജരാവുകയും പിന്നീട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജനീഷ് ഹാജരാകാതിരുന്നത്.

മൃദംഗവിഷന്‍ എം.ഡി. നിഗോഷ് കുമാര്‍, സി.ഇ.ഒ. എ. ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരേ പോലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നേരത്തേ, നിഗോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ആളുകളുടെ പേരില്‍ നരഹത്യ ശ്രമത്തിനും കേസെടുത്തിരുന്നു.