കട്ടക് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം, എറിക് സോൽഹെയിം | Photos: Screen grab from X @ErikSolheim, facebook.com/EnvironmentErik
പ്രധാന റെയില്‍വേ സ്റ്റേഷനുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ചില സ്‌റ്റേഷനുകളിലെ പ്രവൃത്തി പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരു റെയില്‍വേ സ്റ്റേഷനെ കുറിച്ച് നോര്‍വേയില്‍ നിന്നുള്ള മുന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒഡീഷയിലെ കട്ടക് റെയില്‍വേ സ്‌റ്റേഷനെയാണ് നോര്‍വേയിലെ മുന്‍ മന്ത്രി കൂടിയായ എറിക് സോല്‍ഹെയിം പുകഴ്ത്തിയത്. ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക് റെയില്‍വേ സ്റ്റേഷനാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ റെയില്‍വേ ദിനംപ്രതി മെച്ചപ്പെടുകയാണ്. ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക്കില്‍ തുറന്ന റെയില്‍വേ സ്റ്റേഷനാണ്.’ -കട്ടക് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യം പങ്കുവെച്ചുകൊണ്ട് എറിക് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
അടുത്തിടെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കട്ടക് റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. എറിക് പറഞ്ഞതിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ വിമാനത്താവളത്തിലേതിന് സമാനമാണ് കട്ടക് റെയില്‍വേ സ്റ്റേഷന്‍.
നോര്‍വേക്കാരനായ എറിക്കിന്റെ ട്വീറ്റ് ഇന്ത്യക്കാര്‍ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം നാട്ടിലെ റെയില്‍വേസ്‌റ്റേഷനെ പുകഴ്ത്തി ഒരു വിദേശി സംസാരിച്ചതിന്റെ സന്തോഷം വ്യക്തമാക്കുന്ന ഒട്ടേറെ കമന്റുകള്‍ എറിക്കിന്റെ ട്വീറ്റിന് താഴെ കാണാം.
