Photo: X.com/AuctionMirza

കോലാപുര്‍ : ആശുപത്രിയില്‍ നിന്ന് മരണം സ്ഥിരീകരിച്ച വ്യക്തിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് കൊണ്ടുപോകവെ ജീവന്‍ തിരിച്ചുകിട്ടി. പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ കസബാ-ബാവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പേയ്ക്കാണ്( 65 ) ജീവന്‍ തിരിച്ചുകിട്ടിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉല്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ‘മൃതദേഹം’ ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഉല്‍പേയുടെ വീട്ടില്‍ എത്തിച്ചേര്‍ന്ന അയല്‍വാസികളും ബന്ധുക്കളും സംസ്‌കാര ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പിലുമായിരുന്നു.

എന്നാല്‍ വരുന്ന വഴി ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ കയറി ഇറങ്ങുന്നതിനിടെയാണ് ബന്ധുക്കള്‍ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി കണ്ടത്. ഉടന്‍ തന്നെ ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം ഇവിടെ ചികിത്സയിലിരുന്ന ഉല്‍പേയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

മരണം സ്ഥിരീകരിച്ച് ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സ് ഒരു സ്പീഡ് ബ്രേക്കറിൽ കയറി ഇറങ്ങിയതോടെയാണ് ഉല്‍പേ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. ചികിത്സ പൂര്‍ത്തിയാക്കിയ ഉല്‍പേ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് നടന്നാണ് പുറത്തിറങ്ങിയത്. ഇയാളുടെ മരണം സ്ഥിരീകരിച്ച ആശുപത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.