രോഹിത് ശർമ, ജസ്പ്രീത് ബുംറ

സിഡ്നി : ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ സിഡ്നി ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ വന്‍ ജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ സ്വയം ഒഴിവാകാനുള്ള സന്നദ്ധത പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ രോഹിത്തിന് പകരം ബുംറ നായകനാകും. നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകന്‍ മറുപടി നല്‍കിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അതേസമയം സിഡ്‌നിയില്‍ ജയിച്ച് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ടീമിലെ സ്ഥാനമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളിലെ പ്രധാന ചര്‍ച്ച. രോഹിത് വിട്ടുനിന്ന പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച വിജയം സ്വന്തമാക്കി. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായി ടീം. എന്നാല്‍ അഡ്ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത് പരാജയമായി. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും അതൃപ്തരാണ്. സിഡ്‌നി ടെസ്റ്റോടെ രോഹിത് വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം വന്നുകഴിഞ്ഞു.