ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിൽ പൊട്ടിത്തെറിച്ച സൈബർ ട്രക്ക്
ലാസ് വെഗാസ് : ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ മാത്യൂ ലിവെല്‍സ്‌ബെര്‍ഗറാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്താണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
37-കാരനായ ലിവെല്‍സ്‌ബെര്‍ഗര്‍ കൊളറാഡോയില്‍ നിന്നാണ് സൈബര്‍ ട്രക്ക് വാടകയ്ക്ക് എടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്ന് ലാസ് വെഗാസ് വരെ സൈബര്‍ ട്രൈക്ക് ഓടിച്ചെത്തിയ ഇയാള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടു.
യു.എസിലെ ന്യൂ ഓര്‍ലിയന്‍സ് ലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്കോടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെടുകയും 35 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവുമായി ലാസ് വെഗാസിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്ന് എഫ്ബിഐ പരിശോധിക്കുന്നുണ്ട്. ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയതും മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനായ ഷംസുദീന്‍ ജബ്ബാര്‍ എന്നയാളാണ്. ഈ രണ്ട് വാഹനങ്ങളും ടുറോ എന്ന കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണ്.
ഇന്ധനം നിറച്ച ടാങ്കും പടക്കങ്ങളും ക്യാമ്പ് ഫ്യുവലും സൈബര്‍ ട്രക്കില്‍ കണ്ടെത്തി. ഇവ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
അതേസമയം ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ സ്‌ഫോടനം ഭീകരവാദ പ്രവര്‍ത്തനമാണെന്ന് ടെസ് ല സ്ഥാപകനായ ഇലോണ്‍ മസ്‌ക് പറഞ്ഞു. സൈബര്‍ ട്രക്കിന്റെ നിര്‍മാണ രീതി സ്‌ഫോടനത്തിന്റെ ആഘാതം കുറച്ചുവെന്നും മസ്‌ക് അവകാശപ്പെട്ടു.
