നിമിഷ പ്രിയ

ന്യൂഡല്‍ഹി : യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ സഹായ വാഗ്ദാനവുമായി ഇറാന്‍. മാനുഷിക പരിഗണന എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്റെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. അഭിഭാഷകനെ അറിയിച്ച ശേഷം ഇത് നിമിഷപ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു.

2012ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമെനിലെത്തുന്നത്. നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുകയായിരുന്നു.

വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ 2022-ല്‍ തള്ളി. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞവര്‍ഷം ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് മുന്നിലുള്ള വഴി. യെമെന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമവും നടക്കുന്നുണ്ട്.