പ്രതീകാത്മക ചിത്രം

പരവൂർ : പരവൂർ പൊഴിക്കരയിൽ വീട്ടുമുറ്റത്തുനിന്നു മോഷണംപോയ ബൈക്ക് കണ്ടെത്താൻ ഉടമയ്ക്കു സഹായമായത് അനധികൃത പാർക്കിങ്ങിന് ചുമത്തിയ പിഴ. പൊഴിക്കര കൊല്ലിന്റഴികത്തുവീട്ടിൽ അനീഷിന്റെ ബൈക്കാണ് കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന്‌ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്ക് വീട്ടുമുറ്റത്തുനിന്നും മോഷണം പോയത്. പരവൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബൈക്ക്‌ കാണാതായതിൽ അനീഷ് വിഷമിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം ഫോണിൽ കായംകുളം പോലീസിന്റെ സന്ദേശം വന്നത്.

റെയിൽവേസ്റ്റേഷന് സമീപം വാഹനം അനധികൃതമായി പാർക്കുചെയ്തതിന് 500 രൂപ പിഴ ചുമത്തിയെന്നായിരുന്നു സന്ദേശം. കായംകുളം പോലീസുമായി ബന്ധപ്പെടുകയും ബൈക്ക് അനീഷിന്റേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മോഷ്ടാക്കൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താനായി കായംകുളം പോലീസ് അന്വേഷണമാരംഭിച്ചു.