മൃദംഗവിഷൻ ഡയറക്ടർ നിഗോഷ് പാലാരിവട്ടം പോലീസിൽ കീഴടങ്ങാനെത്തുന്നു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുമായി ബന്ധപ്പെട്ട കേസില്‍ മൃദംഗവിഷന്‍ മാനേഡിങ് ഡയറക്ടർ എം. നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉമ തോമസ് എം.എല്‍.എ.യ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പോലീസിന് മുന്നിലെത്തിയത്.

അതേസമയം, കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

മൃദംഗവിഷന്‍ എം.ഡി. എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. എ. ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരേ പോലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. നേരത്തേ, നിഗോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ആളുകളുടെ പേരില്‍ നരഹത്യ ശ്രമത്തിനും കേസെടുത്തിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത നര്‍ത്തകിമാരില്‍ ഒരാളുടെ അമ്മയും തൃക്കാക്കര സ്വദേശിനിയുമായ ബിജി ഹിലാലാണ് പരാതി നല്‍കിയത്.കേരളത്തിന് ഗിന്നസ് റെക്കോഡ് ലഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി കബളിപ്പിച്ചെന്നാണ് ബിജിയുടെ പരാതി.