പരിക്കുപറ്റിയ ബിന്ദു ജോസ് ആശുപത്രിയിൽ
കൊച്ചി : മറൈന്‍ഡ്രൈവിൽ ഫ്ലവർഷോയ്ക്കിടെ പലകയില്‍ തെന്നിവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കടവന്ത്ര സ്വദേശിനി ബിന്ദു ജോസിനാണ് പരിക്കേറ്റത്. അപകടത്തില്‍ യുവതിയുടെ കൈ ഒടിഞ്ഞു. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്ലവർഷോ നിര്‍ത്തിവെച്ചു. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എ.യും ചേർന്നാണ് ഫ്ലവർ ഷോ സംഘടിപ്പിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഫ്ലവർഷോയ്ക്കിടെ യുവതി പ്ലൈവുഡ് പലകയില്‍ തെന്നിവീഴുകയായിരുന്നു. ഫ്ലവർഷോ നടക്കുന്ന സ്ഥലത്ത് വെള്ളം വീണ് ചെളി നിറഞ്ഞിരുന്നതിനാല്‍ അതിന് മുകളില്‍ പ്ലൈവുഡ് പലകകള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്. കൈയ്ക്ക് പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിന് കാരണം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് ഭര്‍ത്താവ് ജോസ് ആരോപിക്കുന്നത്. ആംബുലന്‍സ് സഹായം തേടിയെങ്കിലും അവിടെ അത്തരത്തിലുള്ള സേവനം ലഭ്യമായിരുന്നില്ലെന്നും ഭര്‍ത്താവ് പറയുന്നു. പിന്നീട് ജോസ് തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ജി.സി.ഡി.എ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പത്തു ദിവസം നീണ്ട പരിപാടി വ്യാഴാഴ്ചയാണ് സമാപിക്കേണ്ടിയിരുന്നത്. വീട്ടമ്മ വീണതിനെ തുടർന്ന് ഫ്ലവർഷോയ്ക്ക് കൊച്ചി കോർപറേഷൻ സ്റ്റോപ്പ് മെമോ നൽകിയതായാണ് വിവരം. ഉച്ചയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു. ഇതുസംബന്ധിച്ച് സംഘാടകരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
