Photo: Special Arrangement

കോഴിക്കോട് : തമിഴ്‌നാട് ഡിണ്ടിക്കലില്‍ നത്തത്തിനു സമീപം കാര്‍ പാലത്തില്‍ ഇടിച്ച് രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. രണ്ട് കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ട്രിച്ചി-നത്തം നാലുവരിപാതയില്‍ സഞ്ചരിക്കുമ്പോള്‍ പുതുപ്പട്ടിയില്‍ വച്ച് ഇന്നോവ വാഹനം നിയന്ത്രണംവിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. സെറീന, ശോഭന എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ നത്തം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.