Photo: AP

സ്ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് പിടികിട്ടാത്ത പ്രഹേളികയാണ് ജസ്പ്രീത് ജസ്ബീര്‍സിങ് ബുംറ. പക്ഷേ, ഇന്ത്യക്ക് നന്നായി പിടിത്തംകിട്ടിയിട്ടുണ്ട്, അയാളില്ലെങ്കില്‍ ഇന്ത്യന്‍ ബൗളിങ് വട്ടപൂജ്യമാണെന്ന്.

കഴിഞ്ഞ നാലു ടെസ്റ്റുകളിലായി 30 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. 16 വിക്കറ്റുള്ള മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങ്ങിലെ രണ്ടാമന്‍. എത്രമാത്രം ‘ബുംറാശ്രിത’മാണ് ഇന്ത്യന്‍ ടീം എന്നറിയാന്‍ ഈ കണക്കുമാത്രം മതി. രണ്ടാമതുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് നേടിയത് 20 വിക്കറ്റാണ്. ഇത് അസാധാരണമാണ്. പിച്ചറിയുന്ന അവരുടെ ബൗളര്‍മാരായിരിക്കും വിക്കറ്റ് വേട്ടയില്‍ മുമ്പന്മാര്‍.

നാലു ടെസ്റ്റുകളില്‍ 842 പന്തുകളാണ് ബുംറ എറിഞ്ഞത്. ഒപ്പമുള്ള സിറാജ് 775 പന്തുകളും. സിറാജിനെക്കാള്‍ ഒരു ‘ഏകദിന’ത്തിലധികം ബുംറ ബൗള്‍ചെയ്‌തെന്നു സാരം. എളുപ്പം കറവവറ്റുന്നൊരു പശുവായി ഒരു ലോകോത്തര ബൗളര്‍ മാറുമെന്നതാണ് ഇതിന്റെ മറുവശം.

ബുംറ ഇതുവരെ 44 ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. അതില്‍ 203 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. കപില്‍ദേവ് 131 ടെസ്റ്റുകളില്‍നിന്നാണ് 434 വിക്കറ്റ് വീഴ്ത്തിയത് എന്നോര്‍ക്കണം. അത്രയും ടെസ്റ്റ് കളിക്കാന്‍ ബുംറയുടെ അപൂര്‍വ ആക്ഷന്‍ അനുവദിക്കുമോ, ഇതുപോലൊരു ലോകോത്തര ബൗളര്‍ക്ക് ഇത്രയധികം ഭാരം കൊടുക്കാമോ എന്നാണ് ചോദ്യം. 2024-ല്‍ 13 ടെസ്റ്റ് കളിച്ച ബുംറ 71 വിക്കറ്റ് നേടി. അതും 14.92 എന്ന റണ്‍ ശരാശരിയില്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ ശരാശരിയില്‍ ഇത്രയും വിക്കറ്റ് നേടുന്ന മറ്റൊരു ബൗളറില്ല. മുപ്പത് പന്തുകളെറിയുമ്പോള്‍ ഒരു വിക്കറ്റെന്നതാണ് ബുംറയുടെ സമവാക്യം.

ബുംറയെന്ന സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ ഓസ്ട്രേലിയയുടെ ഫോക്സ് ക്രിക്കറ്റ് ചാനല്‍, ‘വെര്‍ച്വല്‍ ഐ’ എന്ന ന്യൂസീലന്‍ഡ് കമ്പനിയെ പണിയേല്‍പ്പിച്ചു. ട്രാക്കിങ് ക്യാമറകളും നിര്‍മിതബുദ്ധിയും ഏകോപിപ്പിച്ച് ബുംറയുടെ ബൗളിങ്ങിന്റെ ആങ്കിളുകളും കാലുകളുടെ വേഗവും കൈകളുടെ വേഗവും കൈക്കുഴയുടെ വേഗവും പന്തിന്റെ വേഗവുമെല്ലാം വേര്‍തിരിച്ചെടുത്തു. ചെറിയ റണ്ണപ്പില്‍, മണിക്കൂറില്‍ 18 കിലോമീറ്റര്‍ സ്പീഡിലാണ് (ഒരു സ്പിന്നര്‍ ബൗള്‍ ചെയ്യാന്‍ എത്തുന്നതിനെക്കാള്‍ അല്‍പം വേഗം കൂടുതല്‍) ബുംറ ബൗളിങ് ക്രീസിലേക്കെത്തുന്നത്. ബൗള്‍ ചെയ്യാനായി കൈകള്‍ കറക്കുന്ന വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍. അതിനൊപ്പം കൈക്കുഴയുടെ വേഗവും ചേര്‍ത്ത് ബാറ്റര്‍ക്കുനേരേ എറിയുമ്പോള്‍ അത് മണിക്കൂറില്‍ 132 കിലോമീറ്ററാകുന്നു. കൈക്കുഴയാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം പന്തിന് നല്‍കാനാകുന്നു.

വലതുകൈയിലെ ഹൈപ്പര്‍ എക്സ്റ്റന്‍ഷന്‍ അഥവാ അല്പം വളവ് കൂടുതല്‍. ഈ കാരണത്താല്‍ മറ്റ് ബൗളര്‍മാര്‍ പന്ത് കൈയില്‍നിന്ന് വിടുന്ന പോയിന്റിനെക്കാള്‍ അല്പംകൂടി കടന്നാണ് ബുംറയുടെ പന്ത് റിലീസാവുക. പന്ത് നേരിടാന്‍ ബാറ്റര്‍ക്ക് അത്രയും കുറവു സമയമേ ലഭിക്കൂ. മാത്രമല്ല അകത്തേക്ക് ആങ്കിള്‍ചെയ്‌തെത്തുന്ന പന്ത് കുത്തി പുറത്തേക്കുപോകുന്ന ലെയ്റ്റ് ഔട്ട്സ്വിങ്ങുംകൂടിയാകുമ്പോള്‍ ബുംറ അപകടകാരിയാകുന്നു.