നവകേരള ബസ്

കോഴിക്കോട് : കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് നവകേരള ബസിന്റെ സര്‍വീസ് പുതുവര്‍ഷത്തില്‍ പുനരാരംഭിച്ചത് നിറയെ യാത്രക്കാരുമായി. ബുധനാഴ്ച രാവിലെ ബസ് പുറപ്പെടുമ്പോള്‍ 37 സീറ്റുകളും നിറഞ്ഞിരുന്നു. ആറുമാസത്തോളം നിര്‍ത്തിയിട്ടശേഷം സീറ്റുകളുടെ എണ്ണം കൂട്ടി പുതുവര്‍ഷത്തില്‍ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.

സമയം മാറ്റിയതാണ് ഗുണംചെയ്തത്. പുലര്‍ച്ചെ 4.30-നായിരുന്നു നേരത്തേ സര്‍വീസ്. നിലവില്‍ രാവിലെ 8.25-ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് തിരികെ രാത്രി 10.25-ന് പുറപ്പെട്ട് രാവിലെ 5.20-ന് കോഴിക്കോട്ടെത്തും. ഗരുഡ പ്രീമിയം സര്‍വീസാണ്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തദിവസത്തേക്കുകൂടിയുള്ള ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചയും ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകള്‍ ബുക്കുചെയ്തുകഴിഞ്ഞു.

നേരത്തേ 4.30-ന് സര്‍വീസ് നടത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍നിന്നിറങ്ങേണ്ട അവസ്ഥയായിരുന്നെന്നും സമയമാറ്റം ഏറെ സൗകര്യപ്രദമായെന്നും യാത്രക്കാര്‍ പറഞ്ഞു. സമയത്തിലെ അശാസ്ത്രീയതകാരണം യാത്രക്കാരില്ലാതായതോടെയാണ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവന്നത്.