പ്രതീകാത്മക ചിത്രം

മുംബൈ ∙ എൻജിനീയറിങ് വിദ്യാർഥി മാതാപിതാക്കളെ കൊലപ്പെടുത്തി. നാഗ്പുരിലെ കപിൽ നഗറിൽ പവർപ്ലാന്റിലെ ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ലീലാധർ ധകോളെ (55), ഭാര്യ അരുണിമ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ ഉത്കർഷ് ധകോളെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 26ന് വൈകിട്ട് 5ന് വീട്ടിലായിരുന്നു കൊലപാതകം. മൃതദേഹങ്ങൾ അവിടെ ഉപേക്ഷിച്ചു. ദുർഗന്ധം പുറത്തുവന്നതോടെ അയൽവാസികൾ പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. എൻജിനീയറിങ് കോഴ്സിൽ ഒട്ടേറെ വിഷയങ്ങളിൽ ഉത്കർഷ് തോറ്റിരുന്നു. ഇതിനാൽ കോഴ്സ് ഉപേക്ഷിച്ചു മറ്റേതെങ്കിലും മേഖല തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കുന്നതു സഹിക്കവയ്യാതെയാണു കൊലപാതകത്തിന് ഒരുങ്ങിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.

കൊലപാതകം നടത്തിയശേഷം സഹോദരിയെ കോളജിൽനിന്നു കൂട്ടി അമ്മാവന്റെ വീട്ടിലെത്തി. അമ്മയും അച്ഛനും ബെംഗളൂരുവിലേക്കു പോയെന്നു സഹോദരിയോട് കളവു പറഞ്ഞ് ഉത്കർഷ് അമ്മാവന്റെ വീട്ടിലാണു താമസിച്ചിരുന്നത്.