എം.എസ്. സൊലൂഷൻ ഓഫീസ്, പത്താംക്ലാസ് രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പർ

കോഴിക്കോട് : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ചു കോടതി. കേസില്‍ ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും ഒരാള്‍ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്തുമെന്നും കോടതി ചോദിച്ചു.

ആരോപണ വിധേയരായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോഴിക്കോട് ജില്ലാ കോടതിയുടെ വിമര്‍ശനം. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

സര്‍ക്കാരാണ് ചോദ്യപേപ്പറിന്റെ കസ്റ്റോഡിയന്‍. ഉദ്യോഗസ്ഥരെ ആരും പ്രതി ചേര്‍ത്തിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. എം.എസ് സൊല്യൂഷന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതോടെയാണ് എന്തുകൊണ്ട് പിന്നെ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തില്ല എന്ന് കോടതി ചോദിച്ചത്. ഗൂഢാലോചന വകുപ്പ് ചുമത്തിയതില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.