സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിൽ ബംഗാളിനെ നേരിടാനൊരുങ്ങുന്ന കേരള ടീം ഹോപ്പ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ
ചൊവ്വാഴ്ച സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെയാണ് കേരളം നേരിടുന്നത്. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം. ഒരേയൊരു ജയംമതി എട്ടാം തവണയും സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടാന്‍. പിന്നെ പുതുവര്‍ഷം ആഘോഷിച്ചുതിമിര്‍ക്കാന്‍. കേരള ടീമിനൊപ്പം ആരാധകരും ആ വിജയത്തിനായി കാത്തിരിക്കുകയാണ്.
കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. കേരളത്തിന് ഏഴു വിജയങ്ങളും. ഇത്തവണ അപരാജിതരായിട്ടാണ് കേരളം ഫൈനല്‍ കളിക്കാനിറങ്ങുന്നത്.
പ്രതിരോധതാരം എം. മനോജിനു സെമിയില്‍ റെഡ് കാര്‍ഡ് കിട്ടിയതാണ് കേരളത്തിനു തിരിച്ചടിയായത്. ഫൈനലില്‍ ക്യാപ്റ്റന്‍ ജി. സഞ്ജുവിനൊപ്പം മനോജിന്റെ അഭാവം എങ്ങനെയുണ്ടാകുമെന്ന് കണ്ടറിയണം. കൊല്‍ക്കത്ത ലീഗ് കളിച്ച മനോജിന് ബംഗാളിനെ കൃത്യമായി അറിയാം. പകരം മറ്റൊരു കൊല്‍ക്കത്ത ലീഗ് താരം ആദില്‍ അമല്‍ വരാനാണ് സാധ്യത.
സെമിയില്‍ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ പി.പി. മുഹമ്മദ് റോഷല്‍ രണ്ടാം പകുതിയില്‍ തന്നെയാവും ഇറങ്ങുക. 5-4-1 എന്നതാകും ടീം ശൈലി. അജ്സല്‍ ഏക സ്ട്രൈക്കറായി കളിക്കും. നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് അഷ്റഫ് എന്നിവരാകും മധ്യനിരയില്‍. നരോ ഹരി ശ്രേഷ്ഠ, റോബി ഹന്‍സ്ഡ എന്നീ സ്റ്റാര്‍ സ്ട്രൈക്കര്‍മാരാണ് ബംഗാളിന്റെ കുന്തമുനകള്‍. പതിവുപോലെ ഇരുവരും തിളങ്ങിയാല്‍ പിടിച്ചുനിര്‍ത്തുക കേരളത്തിനു കഠിനമാകും. പന്ത് തട്ടിയെടുത്ത് കുതിക്കാന്‍ ഹന്‍സ്ഡയ്ക്കു പ്രത്യേക കഴിവുണ്ട്. ഇവര്‍ക്കൊപ്പം ലെഫ്റ്റ് വിങ്ങര്‍ സുപ്രിയ പണ്ഡിറ്റും ചേര്‍ന്നാല്‍ മുന്നേറ്റത്തില്‍ സന്തുലിതമാണ് ബംഗാള്‍. 4-3-3 ആണ് ശൈലി.
