ലിയാം പെയ്ൻ

വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയ്നിന്റെ ദുരൂഹമരണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അര്‍ജന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ 16 നായിരുന്നു മരണം.

പോസറ്റ്‌മോര്‍ട്ടത്തില്‍ ഗായകന്റെ ശരീരത്തില്‍ ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. മരണത്തിന് മുന്‍പ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. തുടക്കത്തില്‍ ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിന്നീടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ലിയാം പെയിനിന്റെ സുഹൃത്തടക്കം അഞ്ച് പേര്‍ അറസ്റ്റിലായിരിക്കുകയാണിപ്പോള്‍. സുഹൃത്ത് റോജര്‍ നോര്‍സ്, ഹോട്ടൽ മാനേജര്‍ ഗ്ലിഡ മാര്‍ട്ടിന്‍, റിസപ്ഷനിസ്റ്റ് എസ്തബാന്‍ ഗ്രാസ്സി എന്നിവരെ നരഹത്യയ്ക്കും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഹോട്ടന്‍ ജീവനക്കാരായ ബ്രയാന്‍ പൈസി, എസേക്വല്‍ പെരേര എന്നിവരെയും അറസ്റ്റ് ചെയ്തു.

പെയ്ന്‍ മയക്കുമരുന്ന് അമിതമായി കഴിച്ചുവെന്നറിഞ്ഞിട്ടും അയാളെ ഹോട്ടലില്‍ തനിച്ചാക്കി സുഹൃത്ത് സ്ഥലം വിട്ടു. അപകടകരമായ നിലയിലാണെന്നറിഞ്ഞിട്ടും പെയ്‌നിനെ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയില്ല എന്നതാണ് സുഹൃത്തിനെതിരേയുള്ള കുറ്റം. ഹോട്ടല്‍ ലോബിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനും മയക്കുമരുന്ന് എത്തിച്ചുനല്‍കിയതിനുമാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്.

ലിയാമിനൊപ്പം കാമുകി കെയിറ്റ് കാസിഡിയും അര്‍ജന്റീന സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ അവര്‍ ഒക്ടോബര്‍ 14-ന് ലണ്ടനിലേക്ക് തിരിച്ചുപോകുകയും ലിയാം അവിടെ തുടരുകയുമായിരുന്നു.