നിമിഷപ്രിയ

ന്യൂഡൽഹി : യെമെൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.

‘യെമനിൽ നിമിഷപ്രിയയെ ശിക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. അവരുടെ കുടുംബം സാധ്യമാകുന്ന എല്ലാ വഴികളും തേടുന്നതായും മനസ്സിലാക്കുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും സ‍ർക്കാർ ചെയ്യും’, വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഒരുമാസത്തിനുള്ളിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

പാലക്കാട് കൊല്ലങ്കോട് ­സ്വദേശിനിയാണ് നിമിഷപ്രിയ. ബിസിനസ് പങ്കാളിയായിരുന്ന യെമെൻ പൗരൻ 2017-കൊല്ലപ്പെട്ട സംഭവത്തിലാണ് നിമിഷപ്രിയ അറസ്റ്റിലാകുന്നത്. യെമെൻ പൗരന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമവും നടക്കുന്നുണ്ട്.