ഹിമ, സ്വാതി, ഷിബിൻ
തൃപ്രയാർ ∙ യുവാവിനെ വിളിച്ചുവരുത്തി അപ്പാർട്മെന്റിലെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണം, മൊബൈൽ ഫോൺ, സ്വർണമാല എന്നിവ കവർന്ന സംഘത്തിലെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് ദേശത്ത് താമസിക്കുന്ന ഇയ്യാനി ഹിമ (25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല പറൂപനക്കൽ വീട്ടിൽ ഷിബിൻ നൗഷാദ് (21) എന്നിവരെയാണ് വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടിക ബീച്ച് പരിസരത്തു താമസിക്കുന്ന യുവാവിനെ 23ന് രാത്രി തൃപ്രയാറിലെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ, സ്വർണമാല എന്നിവ ബലമായി തട്ടിയെടുത്ത് സംഘം സ്ഥലംവിടുകയായിരുന്നു.
സംഘത്തെ പിന്തുടർന്ന യുവാവിന് മർദനമേറ്റു,വലപ്പാട് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ സി.എൻ.എബിൻ, എഎസ്ഐ ബി.എ.റംല, സീനിയർ സിപിഒമാരായ സി.എസ്.പ്രബിൻ,പി.വി.മനോജ്, സുമി എന്നിവരുമുണ്ടായിരുന്നു. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
