പ്രതീകാത്മക ചിത്രം
മേപ്പാടി ∙ മിഠായി കഴിച്ച 18 വിദ്യാർഥികൾക്കു ഭക്ഷ്യ വിഷബാധ. മേപ്പാടിയിലെ മദ്രസയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ടാണ് മിഠായി നൽകിയത്.
ഇന്നു രാവിലെ ഒരു ക്ലാസിലെ 50 കുട്ടികൾക്കാണ് മിഠായി നൽകിയത്. മിഠായി കഴിച്ച ഉടനെ തന്നെ കുട്ടികൾക്കു വയറുവേദനയും മറ്റും അനുഭവപ്പെട്ടു. ഉടൻ തന്നെ മദ്രസ അധികൃതർ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എത്ര കുട്ടികൾ മിഠായി കഴിച്ചെന്ന് അറിയില്ലെന്ന് മദ്രസ അധികൃതർ അറിയിച്ചു.
മദ്രസ വിട്ട് ചില കുട്ടികൾ സ്കൂളിലേക്കു പോയിട്ടുണ്ട്. ഈ കുട്ടികളും മിഠായി കഴിച്ചോ എന്ന് അന്വേഷിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറിയിൽ പരിശോധന നടത്തി. കുട്ടികൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.
