പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ പുതിയ റെയിൽവേ ടൈംടേബിൾ നാളെ നിലവിൽ വരും. മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ഇപ്പോൾ രാവിലെ 9നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയിൽനിന്നു പുറപ്പെടുക.

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോർത്തിൽ എത്തും. ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി–പാലക്കാട് പാലരുവി എക്സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തുനിന്നു പുറപ്പെടുക. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തേയെത്തും.

തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05നു പകരം 5.10നു പുറപ്പെടും. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40നു പകരം 1.25നു പുറപ്പെടും.

മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം–ചെന്നൈ അനന്തപുരി, എറണാകുളം–ബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും.

ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക. http://www.enquiry.indianrail.gov.in/mntes/

തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതും ടൈംടേബിളിൽ ഇടം പിടിക്കുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ ട്രെയിൻ നീട്ടുന്നതു പ്രാബല്യത്തിൽ വരൂ.

എറണാകുളത്ത് അവസാനിക്കുന്ന പുണെ സർവീസുകൾ കോട്ടയത്തേക്കു നീട്ടുന്നതു പരിഗണിച്ചിരുന്നെങ്കിലും റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതു മൂലം ടൈംടേബിളിൽ ഉൾപ്പെടുത്തിയിട്ടില്ല.