കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ നെടുമങ്ങാട് പി.എ. അസീസ് എൻജിനീയറിങ് കോളജിൽ പൊലീസ് പരിശോധന നടത്തുന്നു
തിരുവനന്തപുരം ∙ നെടുമങ്ങാട് കരകുളത്തെ എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പി.എ.അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം.
നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന കോളജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നു. അബ്ദുൽ അസീസ് താഹയുടെ മൊബൈൽ ഫോൺ അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. കാറും പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.
കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയിരുന്നു. പണി പൂർത്തിയാക്കാത്ത ഹാളിരിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
