കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന റിഹേഴ്‌സൽ
കോഴിക്കോട് : ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷം തടഞ്ഞ് കോഴിക്കോട് നഗരസഭ. തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ട്രേഡ് സെന്റര്‍ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നും അതിനാലാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതെന്നും നഗരസഭ വ്യക്തമാക്കി.
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇക്കാര്യം പോലീസിനേ അറിയിച്ചിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി. പരിപാടി നടത്താനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രേഡ് സെന്ററിന് കഴിഞ്ഞിട്ടില്ലെന്നാണ് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത്.
പതിനെട്ടാം തിയ്യതി പരിപാടി നടത്താനാവശ്യമായ പിപിആര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്നും അവസാന നിമിഷം നഗരസഭ അനുമതി നിഷേധിച്ചത് അനീതിയാണെന്നും സംഘാടകര്‍ പറയുന്നു. ടിക്കറ്റ് വില്‍പന ഉള്‍പ്പെടെ പൂര്‍ത്തിയാകുകയും കലാകാരന്‍മാരുടെ റിഹേഴ്‌സല്‍ നടക്കുകയും ചെയ്തതാണ്. കെട്ടിടത്തിന്റെ അനധികൃത നിര്‍മാണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഇവിടുത്തെ ഹാള്‍ പരിപാടിക്കായി ബുക്ക് ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അവിയല്‍ ബാന്‍ഡിന്റെ പരിപാടിയും ശ്രീനാഥ് ഭാസിയുടെ റാപ് മ്യൂസിക് പരിപാടിയുമാണ് ട്രേഡ് സെന്ററില്‍ നടത്താനിരുന്നത്. ആയിരക്കണക്കിന് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
