കൊച്ചി മേയർ എം അനിൽകുമാർ

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട നൃത്ത പരിപാടി നടന്നത് നഗരസഭയുടെ അനുമതിയില്ലാതെ. ഇത്തരത്തിലൊരു പരിപാടി നടക്കുന്ന കാര്യം നഗരസഭയെ അറിയിച്ചിരുന്നില്ലെന്നും വിനോദ നികുതി നല്‍കിയിട്ടില്ലെന്നും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍ വ്യക്തമാക്കി. തലേ ദിവസമാണ് പരിപാടിക്ക് ക്ഷണിച്ചുകൊണ്ട് രണ്ട് പേര്‍ വീട്ടില്‍ വന്നു കാണുന്നതെന്നും തലേ ദിവസം വന്നുള്ള ക്ഷണം തന്നെ സംശായസ്പദമായിരുന്നുവെന്നും മേയര്‍ വ്യക്തമാക്കുന്നു. 150, 300 നിരക്കിലുള്ള ടിക്കറ്റുകളാണ് പരിപാടിക്ക് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അതിന് നഗരസഭയ്ക്ക് വിനോദ നികുതി നല്‍കിയിരുന്നില്ലെന്നും മേയര്‍ പറയുന്നു.

പരിപാടി നടക്കുന്നതിന്റെ തലേ ദിവസമാണ് ജി.സി.ഡി.എ. ചെയര്‍മാന്‍ ഇത്തരത്തിലൊരു പരിപാടിയുണ്ടെന്നും ക്ഷണിക്കാന്‍ ആളുവരുമെന്നും അറിയിക്കുന്നത്. അപ്പോഴാണ് ഈ പരിപാടിയെക്കുറിച്ച് അറിയുന്നത്. സംഘാടകര്‍ എന്ന് പറഞ്ഞ് രണ്ട് പേര്‍ വീട്ടില്‍ വന്നു കണ്ടു. അപ്പോള്‍ തന്നെ ഏറ്റെടുത്ത മറ്റ് ഔദ്യോഗിക തിരക്കുകളുള്ളതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവരോട് വ്യക്തമാക്കിയിരുന്നു. മേയറെ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ടെങ്കില്‍ ഇങ്ങനെ തലേ ദിവസമല്ല ക്ഷണിക്കേണ്ടതെന്നും ആദ്യം സമീപിക്കേണ്ടത് കോര്‍പ്പറേഷനെ ആണെന്നും അവരോട് പറഞ്ഞു.

ടിക്കറ്റ് വച്ചാണ് പരിപാടി നടത്തുന്നത്. അങ്ങനെയെങ്കില്‍ കോര്‍പ്പറേഷന് എന്റര്‍ടെയ്ന്‍മെന്റ് നികുതി നല്‍കേണ്ടതാണ്. എത്ര പേര്‍ പങ്കെടുത്തുവെന്നോ എത്ര ടിക്കറ്റ് വിറ്റു പോയെന്നോ കോര്‍പ്പറേഷന് അറിയില്ല. അടിയന്തിരമായി നികുതി അടയ്ക്കണമെന്ന് വ്യക്തമാക്കി സംഘാടകര്‍ക്ക് നോട്ടീസ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

പൊതുപരിപാടികള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്‌. കോര്‍പ്പറേഷനെ പരിപാടിയുടെ കാര്യം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഒരു പൊതു അനുമതി നല്‍കുമായിരുന്നു. അത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി സ്റ്റേജ് ഉള്‍പ്പടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കും. പി.ഡബ്ല്യു.ഡിയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും സര്‍ടിഫിക്കറ്റുകള്‍ ആവശ്യപ്പെടും. അങ്ങനെയെങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നേനെ. മേയര്‍ ചൂണ്ടിക്കാട്ടുന്നു.