പ്രതീകാത്മക ചിത്രം
ഭോപാൽ : മധ്യപ്രദേശിലെ ഡെവാസ് ജില്ലയിൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു. സ്ത്രീയുടെ പരാതിയിൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ മുകേഷ് ലോംഗ്രെ എന്ന 35-കാരനാണ് ശനിയാഴ്ച സത്‍വാസ് പോലീസ് സ്റ്റേഷനിൽ മരിച്ചത്. മുകേഷിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മുകേഷിനെതിരേ നടപടിയുണ്ടാകാതിരിക്കാൻ പോലീസുകാർ കൈക്കൂലിയാവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഇൻസ്പെക്ടർ ആശിഷ് രജ്പുതിനെ സസ്പെൻഡുചെയ്തു.
ഡിസംബർ 26-ന് ഒരു സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായാണ് മുകേഷിനെ പോലീസ് വിളിച്ചുവരുത്തിയത്. ഇൻസ്പെക്ടർ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാലയുപയോഗിച്ച് ലോക്കപ്പിലെ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് പുനീത് ഗഹ്‍ലോത് പറഞ്ഞു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നെന്നും വ്യക്തമാക്കി.
മുകേഷിന്റെപേരിൽ കേസൊന്നുമില്ലെന്നും മൊഴി രേഖപ്പെടുത്താൻവേണ്ടി മാത്രമാണ് വിളിച്ചുവരുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നന്ദാനി യുകായ് അന്വേഷണമാരംഭിച്ചു.
സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സസ്പെൻഡുചെയ്യുംവരെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്നുപറഞ്ഞ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു.
കസ്റ്റഡിമരണമാരോപിച്ച് പോലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസും പ്രതിഷേധംനടത്തി. ദളിത് യുവാവ് കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി മോഹൻ യാദവ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
