വഴിയിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റുന്ന ആരോഗ്യപ്രവർത്തകരും അയിലൂർ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. മുഹമ്മദ്കുട്ടിയും

അയിലൂര്‍ : പ്രസവവേദനയാല്‍ അഞ്ചുകിലോമീറ്റര്‍നടന്ന് വനമേഖലയ്ക്കുതാഴെ എത്തിയ ആദിവാസിയുവതിക്ക് മലയോരത്ത് പ്രസവം. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിന്റെ ഭാര്യ സലീഷയാണ് (24) വഴിയരികില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. അയിലൂര്‍ കല്‍ച്ചാടിഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്.

നാലുദിവസം മുന്‍പാണ് കല്‍ച്ചാടിയില്‍നിന്ന് കുടുംബസമേതം വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് ഇവര്‍ താമസംമാറിയത്. ഞായറാഴ്ചരാവിലെ പ്രസവവേദന തുടങ്ങിയതോടെ വനമേഖലയില്‍നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു.

അഞ്ചു കിലോമീറ്ററിലധികം കാല്‍നടയായി നേര്‍ച്ചപ്പാറയില്‍ എത്തിയതോടെ വേദനകൂടി. ഒരു മണിയോടെ വഴിയില്‍ പ്രസവിച്ചു. തുടര്‍ന്ന്, തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് മാറ്റി. വിവരമറിഞ്ഞ അയിലൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. മുഹമ്മദ്കുട്ടി, ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചു. എസ്.ടി. പ്രൊമോട്ടര്‍ മിനി, ആശാപ്രവര്‍ത്തകരായ മിനിസാബു, ഷക്കീല അഷ്റഫ് എന്നിവരെത്തി സലീഷയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണ്.