ദിലീപ് ശങ്കർ

തിരുവനന്തപുരം : നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

ഞായറാഴ്ച ഉച്ചയോടെയാണ് സിനിമസീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം അറിയാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിങ്ങിനായി എത്തിയ ദിലീപ് ശങ്കര്‍ നാലു ദിവസം മുന്‍പാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനിടെ ഞായറാഴ്ച മുറിയില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയില്‍ കണ്ടത്.

അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കര്‍. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങള്‍ കൂടുതലും നോക്കിയിരുന്നത്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ദേവ, വിദ്യാര്‍ഥിയായ ധ്രുവ് എന്നിവരാണ് മക്കള്‍.