വെസ്റ്റ്‌ഹാമിനെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾ (ലിവർപൂൾ പങ്കുവച്ച ചിത്രം)

ലണ്ടൻ‌ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഗോൾമഴ തീർത്ത വിജയത്തോടെ എട്ടു പോയിന്റ് ലീഡുമായി ലിവർപൂൾ. വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. പ്രിമിയർ ലീഗിൽ ഉൾപ്പെടെ തുടർ തോൽവികളിൽ ഉഴറുന്ന മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റിയെ തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്‍‌സ്പറിനെ, വോൾവ്സ് സമനിലയിൽ തളച്ചു. അതേസമയം, എവർട്ടനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് നോട്ടിങ്ങം ഫോറസ്റ്റ് രണ്ടാം സ്ഥാനത്തേക്കു കയറി.

18 മത്സരങ്ങളിൽനിന്ന് സീസണിലെ 14–ാം ജയം കുറിച്ച ലിവർപൂൾ, 45 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്. 19 കളികളിൽനിന്ന് 11 ജയവും നാലു സമനിലയിലും സഹിതം 37 പോയിന്റോടെയാണ് നോട്ടിങ്ങം ഫോറസ്റ്റ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഒരു മത്സരം കുറവു കളിച്ച ആർസനൽ 36 പോയിന്റോടെ മൂന്നാമതും, 35 പോയിന്റുമായി ചെൽസി നാലാമതുമുണ്ട്.

വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഇരു പകുതികളിലുമായി അഞ്ച് താരങ്ങളാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്. 30–ാം മിനിറ്റിൽ ലൂയിസ് ഡയലാണ് ചെമ്പടയുടെ ഗോൾവേട്ട തുടങ്ങിവച്ചത്. ആദ്യ പകുതിയിൽ കോഡി ഗാക്പോ (40–ാം മിനിറ്റ്), മുഹമ്മദ് സലാ (44–ാം മിനിറ്റ്) എന്നിവരും ലക്ഷ്യം കണ്ടതോടെ 3–0ന് എന്ന നിലയിൽ ഇടവേള. പിന്നീട് അലക്സാണ്ടർ അർണോൾഡ് (54), ഡിയേഗോ ജോട്ട (84) എന്നിവരും ചേർന്നതോടെ സ്കോർ 5–0!.

ലെസ്റ്റർ സിറ്റിക്കെതിരെ മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചുകയറിയത്. 21–ാം മിനിറ്റിൽ സാവീഞ്ഞോയും 74–ാം മിനിറ്റിൽ സൂപ്പർതാരം എർലിങ് ഹാലണ്ടുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 19 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച സിറ്റി, 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. സീസണിലെ 11–ാം തോൽവി വഴങ്ങിയ ലെസ്റ്റർ സിറ്റി, 14 പോയിന്റുമായി 18–ാം സ്ഥാനത്തായി.

എവർട്ടനെതിരെ നോട്ടിങ്ങം ഫോറസ്റ്റും മത്സരത്തിന്റെ ഇരു പകുതികളിലുമായി നേടിയ ഗോളുകൾക്കാണ് ജയിച്ചത്. 15–ാം മിനിറ്റിൽ ക്രിസ് വുഡും 61–ാം മിനിറ്റിൽ ഗിബ്സ് വൈറ്റും അവരുടെ ഗോളുകൾ നേടി. വോൾവ്സിനെതിരായ മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് പിന്നീട് ലീഡും പിടിച്ച ശേഷമാണ് ടോട്ടനം സമനില വഴങ്ങിയത്. ഏഴാം മിനിറ്റിൽ ഹ്വാങ് ഹീ ചാൻ നേടിയ ഗോളിലാണ് വോൾവ്സ് മുന്നിലെത്തിയത്. 12–ാം മിനിറ്റിൽ ബെന്റാകറിലൂടെ തിരിച്ചടിച്ച ടോട്ടനം, ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ബ്രണ്ണൻ ജോൺസൻ നേടിയ ഗോളിലൂടെ ലീഡും നേടി. ഇതിനിടെ സൂപ്പർതാരം സൺ ഹ്യൂങ് മിൻ പെനൽറ്റി പാഴാക്കിയത് ടോട്ടനത്തിന് തിരിച്ചടിയായി. ഒടുവിൽ 87–ാം മിനിറ്റിൽ സ്ട്രാൻഡ് ലാർസൻ നേടിയ ഗോളിൽ വോൾവ്സ് സമനില പിടിച്ചു.

മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് സതാംപ്ടണെ 2–1ന് തോൽപ്പിച്ചപ്പോൾ, ഫുൾഹാമും എഎഫ്സി ബേൺമൗത്തും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.