പ്രതീകാത്മക ചിത്രം

തിരുവനന്തപുരം/കൊല്ലം : വിദേശത്ത് മെച്ചപ്പെട്ട തൊഴില്‍സാധ്യതകള്‍ തെളിഞ്ഞതോടെ സര്‍ക്കാര്‍സര്‍വീസിലുള്ള നഴ്സുമാരും നാടുവിടുന്നു. അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. ഇവരുള്‍പ്പെടെ 216 നഴ്‌സുമാര്‍ അനധികൃതമായി മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

ജോലിക്കുകയറിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.

പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന ഒന്നാം പിണറായിസര്‍ക്കാരാണ് കൊണ്ടുവന്നത്. മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം, വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു.

മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു. അനധികൃതമായി വിട്ടുനില്‍ക്കുന്ന 410 പേരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവരും അല്ലാത്തവരുമായി ആരോഗ്യവകുപ്പില്‍മാത്രം 600 ഡോക്ടര്‍മാര്‍ ഇങ്ങനെ വിട്ടുനില്‍ക്കുന്നു.

ഡോക്ടര്‍മാരും നഴ്സുമാരുമായി ഒട്ടേറെപ്പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും നഴ്സിങ് അസിസ്റ്റന്റ് വിഭാഗത്തില്‍ ഒരാള്‍മാത്രമാണ് തിരികെയെത്തിയത്.