ജസ്പ്രീത് ബുംറ
മെല്‍ബണ്‍ : ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്.
44-ാം ടെസ്റ്റ് മത്സരത്തിലാണ് ബുംറയുടെ നേട്ടം. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡും ബുംറ സ്വന്തമാക്കി. 20-ന് താഴെ (19.5) ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. വിന്‍ഡീസ് ഇതിഹാസങ്ങളായ മാല്‍ക്കം മാര്‍ഷല്‍ (20.9), ജോയല്‍ ഗാര്‍നര്‍ (21.0), കേര്‍ട്‌ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. പരമ്പരയില്‍ ഇതിനോടകം തന്നെ 29 വിക്കറ്റുകളുമായി ബുംറയാണ് ഒന്നാമത്.
