Photo: AFP
ദക്ഷിണ കൊറിയ : ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 87 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും.
തീ നിയന്ത്രണവിധേയമാക്കാന്‍ 32 ഫയര്‍ ട്രക്കുകളും നിരവധി ഹെലികോപ്റ്ററുകളും വിന്യസിച്ചതായി ദക്ഷിണ കൊറിയയുടെ നാഷണല്‍ ഫയര്‍ ഏജന്‍സി അറിയിച്ചു. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
വിമാനത്തിലെ യാത്രക്കാരില്‍ 173 പേരും ദക്ഷിണ കൊറിയന്‍ പൗരന്‍മാരാണ്. രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളും.
ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പാരജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.
ലാന്‍ഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പ്രതികൂല കാലാവസ്ഥയും കാരണമായി പറയപ്പെടുന്നു. മുവാന്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി ലീ ജിയോങ്-ഹ്യുന്‍ അറിയിച്ചതാണിത്.
