Photo: AP

മെല്‍ബണ്‍ : ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബൗളിങ്ങിലൂടെ നേടിയ ആധിപത്യം അവസാന സെഷനില്‍ കളഞ്ഞുകുളിച്ച് ഇന്ത്യ. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്. 333 റണ്‍സിന്റെ മികച്ച ലീഡും ആതിഥേയര്‍ സ്വന്തമാക്കി. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് നേഥന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല. അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. 54 പന്തുകള്‍ നേരിട്ട ലയണ്‍ 41 റണ്‍സോടെയും 65 പന്തുകള്‍ കളിച്ച ബോളണ്ട് 10 റണ്‍സോടെയും ക്രീസിലുണ്ട്.

നാലാം ദിനം നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചിരുന്നു. പക്ഷേ രണ്ടാം ന്യൂബോള്‍ എടുത്തിട്ടും ഇന്ത്യയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല.

139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ തന്നെ ബുംറ ഞെട്ടിച്ചു. ഒന്നാം ഇന്നിങ്സില്‍ തിളങ്ങിയ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ എട്ടു റണ്‍സിന് ബുംറ മടക്കി. പിന്നാലെ ഉസ്മാാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 21 റണ്‍സെടുത്ത ഖവാജയെ വീഴ്ത്തി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. നിലയുറപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒന്നാം ഇന്നിങ്സിലെ താരം സ്റ്റീവ് സ്മിത്തിനെയും (13) വീഴ്ത്തി സിറാജ് ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നീട് ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2) എന്നിവരെ അതിവേഗം മടക്കിയ ബുംറ ഓസീസ് മധ്യനിര തകര്‍ത്തു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ലബുഷെയ്‌നും കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായി. തുടര്‍ന്ന് അര്‍ധ സെഞ്ചുറിയോടടുക്കുകയായിരുന്ന കമ്മിന്‍സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തുടര്‍ന്നായിരുന്നു ഇന്ത്യയ്ക്ക് തലവേദനയായ ലയണ്‍ – ബോളണ്ട് കൂട്ടുകെട്ട്.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 369 റണ്‍സിന് അവസാനിച്ചിരുന്നു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 189 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ലയണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.