അപകടത്തിൽപെട്ട വിമാനം | Photo: AFP
സോള്‍ : ദക്ഷിണകൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിച്ചു.
അപകടത്തിന് പിന്നാലെ ജെജു വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖസൂചകമായി ജെജു എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറുകയും ചെയ്തു. എമര്‍ജന്‍സ് പ്രോട്ടോക്കോള്‍ ആക്ടീവ് ആക്കിയതായും അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് ജെജു എയര്‍ നടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇന്നുരാവിലെ കൊറിയന്‍ പ്രാദേശിക സമയം 9.07നായിരുന്നു അപകടം സംഭവിച്ചത്. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനം ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച വിമാനം കത്തിച്ചാമ്പലായി. ജീവനക്കാരുള്‍പ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 85 പേരുടെ മരണം സ്ഥിരീകരിച്ചു.
