യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിനിടെ ആലപ്പുഴ ബൈപാസ് ബിഷപ് ഹൗസിനു മുകളിൽവച്ച് അപകടത്തിൽപെട്ട വാഹനം
ആലപ്പുഴ ∙ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പിടിവലിക്കിടെ യുവാവ് സ്റ്റിയറിങ് പിടിച്ചു തിരിച്ചതോടെ കാർ അപകടത്തിൽപെടുകയും യുവാവ് ഇറങ്ങിയോടി രക്ഷപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവർ പട്രോളിങ് നടത്തുകയായിരുന്നു. പൊലീസ് സംഘം വരുന്നതുകണ്ട് മറ്റൊരു കാറിൽ കടന്നുകളഞ്ഞു. കരുനാഗപ്പള്ളി ചക്കുവള്ളി സ്വദേശി ഷംനാദിനെയാണ് (32) ഇന്നലെ രാത്രി 9ന് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാനെന്നു പറഞ്ഞ് കളർകോട് ഭാഗത്ത് നിന്നാണ് ഷംനാദിനെ സംഘം കാറിൽ കയറ്റിയത്. എറണാകുളം ഭാഗത്തേക്കു നീങ്ങിയ കാറിനുള്ളിൽവച്ച് സംസാരം തർക്കത്തിലേക്കും മൽപിടിത്തത്തിലേക്കും കടന്നതോടെ ഷംനാദ് സ്റ്റിയറിങ് പിടിച്ചു തിരിച്ചു. നിയന്ത്രണംവിട്ട് കാർ വിജയ് പാർക്ക് ഭാഗത്ത് ബൈപാസിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. ഇതോടെ പുറത്തു കടന്ന ഷംനാദ് കാറിന്റെ മുന്നിലെ ചില്ല് അടിച്ചു തകർത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി.
ഈ സമയത്ത് ബൈപാസിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അപകടം നടന്ന കാറിനടുത്തേക്കെത്തി. സംഘത്തിലെ എസ്ഐ: എ.രാധാകൃഷ്ണക്കുറുപ്പ്, സിപിഒ എം.എസ്.സക്കീർ എന്നിവർ വരുന്നതു കണ്ട് തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടായിരുന്നവർ പിന്നാലെ വന്ന മറ്റൊരു കാറിൽ കയറി കടന്നു കളയുകയായിരുന്നു. അപകടത്തിൽപെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംനാദിനെ ചോദ്യം ചെയ്ത് വരികയാണെന്നും ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇൻസ്പെക്ടർ കെ.ശ്രീജിത്ത് പറഞ്ഞു.
