കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച റോഷൻ, അപകടസ്ഥലം അഗ്നിരക്ഷാ സേന വൃത്തിയാക്കുന്നു
കോഴിക്കോട് : റേഷൻകടയിൽനിന്ന് അരിയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാൾ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. ഗോവിന്ദപുരം ലൈബ്രറിക്ക് സമീപം പരേതനായ തിപ്പിലിക്കാട്ട് പാർഥന്റെ മകൻ റോഷൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കല്ലുത്താൻകടവ് പാലത്തിലാണ് അപകടം.
ബസിന്റെ ഇടതുവശത്തുകൂടി വരികയായിരുന്ന റോഷന്റെ സ്കൂട്ടറിന്റെ മുന്നിൽവെച്ച അരിസഞ്ചി പാലത്തിന്റെ നടപ്പാതയുടെ അരികിൽത്തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ സ്കൂട്ടർ വലതുഭാഗത്തേക്ക് ചരിഞ്ഞ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടം നടന്നതിന് പിന്നാലെ കസബ പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ പത്തനംതിട്ട ഇളമണ്ണൂർ ശ്രീവത്സം ഹൗസിൽ ശ്രീമുരുകനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അറസ്റ്റുചെയ്ത ഡ്രൈവറെ സ്റ്റേഷൻജാമ്യത്തിൽവിട്ടു.
മിഠായിത്തെരുവ് എറണാകുളം ടെക്‌സ്റ്റെൽസിലെ ജീവനക്കാരനാണ് റോഷൻ. അമ്മ രമാഭായ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ നാലുദിവസമായി അവധിയിലായിരുന്നു. അമ്മ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യാനിരുന്നതാണ്. ആശുപത്രിയിൽനിന്നുവന്ന് നടക്കാവിലെ റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ ഷൈനി ഫോർച്യൂൺ അസോസാസിയേറ്റ്സിലെ അക്കൗണ്ടന്റാണ്.
മക്കൾ: ടി. അഭിനന്ദ് (ബി.ടെക്. അവസാനവർഷ വിദ്യാർഥി വെസ്റ്റ്ഹിൽ ഗവ,എൻജിനീയറിങ് കോളേജ്), ടി. അഭിഷേക് (എട്ടാംക്ലാസ് വിദ്യാർഥി ഗവ. ഗണപത് ബോയ്‌സ് ). സഹോദരി രേഷ്മ (അധ്യപിക, മാലദ്വീപ്) .മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി മലിയിൽ നിന്നെത്തിയ ശേഷമായിരിക്കും സംസ്കാരം.
