സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി ∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി വിമാനത്താവളത്തിൽ ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ പോലെ ഒരാള്‍ വന്ന് ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവും അനൗചിത്യവുമാണെന്ന് സതീശൻ വിമർശിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എംഡിയോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നെന്നും സതീശൻ പറഞ്ഞു.
