നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും |ഫോട്ടോ:AP

മെല്‍ബണ്‍ : ബോക്സിങ് ഡേ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ മറികടക്കാന്‍ പൊരുതുന്നു. ഒമ്പത് വിക്കറ്റ് നഷ്ടമായ ഇന്ത്യ നിലവില്‍ 358 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി (105)യും മുഹമ്മദ് സിറാജും (2) ആണ് നിലവില്‍ ക്രീസിലുള്ളത്. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനി 116 കൂടിവേണം. വെളിച്ചക്കുറവ്മൂലം നിലവില്‍ കളിനിര്‍ത്തിവെച്ചിരിക്കുകയാണ്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം ഋഷഭ് പന്തിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്‍സെടുത്ത പന്തിനെ ബോളണ്ട് പുറത്താക്കി. 17 റണ്‍സെടുത്ത ജഡേജയെ ലിയോണും കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 221-7 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച നിതീഷ് കുമാറും വാഷിങ്ടണ്‍ സുന്ദറും ടീമിനെ മുന്നൂറ് കടത്തി. അര്‍ദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായി. പിന്നീടെത്തിയ ബുംറ ഡക്കടിച്ചു.

നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റണ്‍സിന് അവസാനിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ നായകന്‍ രോഹിത് ശര്‍മ (മൂന്ന്) കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലുമൊത്ത് (24) ജയ്സ്വാള്‍ 43 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം (36) 102 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മികച്ചസ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയപ്പോഴാണ് റണ്ണൗട്ടായത്. കോലിയുമായുള്ള ധാരണപ്പിശകാണ് ജയ്സ്വാളിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്.തൊട്ടുപിന്നാലെ കോലിയും നൈറ്റ് വാച്ച്മാന്‍ ആകാശ്ദീപും മടങ്ങി.