ഗോൾനേട്ടം ആഘോഷിക്കുന്ന ആർസനൽ താരങ്ങൾ (ആർസനൽ പങ്കുവച്ച ചിത്രം)

ലണ്ടൻ ∙ പൊരുതിനിന്ന ഇപ്സ്‌വിച്ച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിന്റെ 23–ാം മിനിറ്റിൽ കയ് ഹാവർട്സ് നേടിയ ഗോളിലാണ് ആർസനൽ ഇപ്സ്‌വിച്ച് ടൗണിനെ വീഴ്ത്തിയത്. ഇതോടെ, ഈ സീസണിൽ ഇതുവരെ ഹോം മൈതാനത്ത് തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന ഖ്യാതി നിലനിർത്തിയാണ് ആർസനൽ 2024നോട് വിടപറയുന്നത്. മറ്റൊരു മത്സരത്തൽ ബ്രൈട്ടനും ബ്രെന്റ്ഫോർഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും യഥാക്രമം 10, 11 സ്ഥാനങ്ങളിൽ തുടരുന്നു.

ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. വൂൾവ്സിനോട് 2–0നാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. 47–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് ബ്രൂണോ പുറത്തായത്. സീസണിൽ ഇതു മൂന്നാം തവണയാണ് പോർച്ചുഗൽ താരത്തിന് മാർച്ചിങ് ഓ‍ർഡർ കിട്ടുന്നത്. 22 പോയിന്റോടെ 14–ാം സ്ഥാനത്താണ് റൂബൻ അമോറിം പരിശീലിപ്പിക്കുന്ന ക്ലബ്.

കിരീടപ്പോരാട്ടത്തിൽ ലിവർപൂളിനെ വെല്ലുവിളിക്കാമെന്ന മോഹങ്ങൾക്കു വലിയ തിരിച്ചടിയായി ചെൽസി 2–1ന് ഫുൾഹാമിനോടു തോറ്റു. അവസാന 15 മിനിറ്റിലായിരുന്നു ഫുൾഹാമിന്റെ 2 ഗോളുകളും. ഇതോടെ ലെസ്റ്റർ സിറ്റിയെ 3–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്ത് ലീഡ് 7 പോയിന്റാക്കിയിരുന്നു. ലിവർപൂൾ ഒരു മത്സരം കുറവാണ് കളിച്ചതും. ആർസനലിന്റെ വിജയത്തോടെ ലീഡ് ആറു പോയിന്റായി കുറ‍ഞ്ഞു.