പെരിയ കൊലക്കേസ് പ്രതികളെ കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നു

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ എറണാകുളം സിബിഐ പ്രത്യേക കോടതി വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍. കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രന്‍ തനിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പങ്കില്ലെന്നും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു ജഡ്ജി എന്‍.ശേഷാദ്രിനാഥന്റെ മുന്നില്‍ കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ.

ഗൂഢാലോചനയും കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതുമുള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കുടുംബ പ്രാരാബ്ധങ്ങള്‍ നിരത്തിയും പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളും ഉണ്ടെന്നുള്ളത് ചൂണ്ടിക്കാണിച്ചും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് മറ്റ് പ്രതികളും ആവശ്ശ്യപ്പെട്ടു.

പതിനെട്ടാം വയസില്‍ ജയിലില്‍ കയറിയതാണെന്നും പട്ടാളക്കാരാന്‍ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഏഴാം പ്രതി അശ്വിന്‍ പറഞ്ഞു. വീട്ടുകാരെ ആറ് വര്‍ഷമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ രോഗാവസ്ഥയിലാണെന്നും എട്ടാം പ്രതി സുബീഷ് വെളുത്തോളി പ്രതി പറഞ്ഞു.

ജനുവരി മൂന്നിനാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. 24 പേര്‍ പ്രതികളായ കേസില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കി. 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കേസില്‍ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചവേളയില്‍ കീഴ്ക്കോടതിയുടെ വിമര്‍ശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു.