ഒറ്റപ്പാലം നഗരത്തിൽ സെൻഗുപ്ത റോഡ് കവലയ്ക്കു സമീപം ജല അതോറിറ്റിയുടെ പഴയ പൈപ് ലൈൻ പൊട്ടിയ ഭാഗം

ഒറ്റപ്പാലം ∙ നഗരത്തിൽ സെൻഗുപ്ത റോഡ് കവലയ്ക്കു സമീപം ജല അതോറിറ്റിയുടെ പഴയ പൈപ് ലൈൻ പൊട്ടി വൻ തോതിൽ വെള്ളം പാഴാകുന്നു. പമ്പിങ് നടക്കുന്ന സമയങ്ങളിലെല്ലാം വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്ന സാഹചര്യമാണ്. നേരത്തേ ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന പൈപ് ലൈനിലാണു ചോർച്ചയെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു പരിഹരിക്കാൻ പാലക്കാട്–കുളപ്പുള്ളി പ്രധാന പാത വലിയ തോതിൽ വെട്ടിപ്പൊളിക്കണമെന്നതാണു പ്രതിസന്ധി. അറ്റകുറ്റപ്പണിക്കായി പാതയോരം പൊളിച്ചുനീക്കി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിലവിൽ ഈ പൈപ് ലൈൻ ജലവിതരണത്തിന് ഉപയോഗിക്കുന്നില്ലെങ്കിലും ഇതുവഴി വെള്ളം പമ്പ് ചെയ്യപ്പെടുന്നതാണു ചോർച്ചയ്ക്കു കാരണമെന്നാണു വിവരം. ചോർച്ച പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ജല അതോറിറ്റി അറിയിച്ചു.