നിതീഷ് കുമാർ റെഡ്ഡി |ഫോട്ടോ:AFP,AP

മെല്‍ബണ്‍ : ബോക്‌സിങ് ഡേ ടെസ്റ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് എട്ടാം വിക്കറ്റിലെ നിതീഷ് കുമാര്‍ റെഡ്ഡി-വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ്. അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കരസ്ഥമാക്കി നിതീഷ് കുമാര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ടാമനായി ഇറങ്ങി മൂന്നക്കം കടക്കുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി.

വന്‍ നാടകീയതയോടെയായിരുന്നു നിതീഷിന്റെ കന്നിസെഞ്ചുറി. നിതീഷ് 97-ല്‍ നില്‍ക്കെ വാഷിങ്ടണ്‍ സുന്ദര്‍ ലയണിന് മുന്നില്‍ വീണു. അര്‍ദ്ധ സെഞ്ചുറിയോടെയായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ മടക്കം. പിന്നാലെ ജസ്പ്രീത് ബുംറയാണ് എത്തിയത്. രണ്ട് റണ്‍സ്‌കൂടി നിതീഷ് ചേര്‍ത്തപ്പോഴേക്കും ബുംറയെ കമ്മിന്‍സ് മടക്കി അയച്ചു. ഇതോടെ നിതീഷിന്റെ സെഞ്ചുറി മോഹം ആശങ്കയിലായി. പിന്നീടെത്തിയ സിറാജ് ചെറുത്തുനിന്നതോടെ നിതീഷിന്റെ സ്വപ്‌നം പൂവണിഞ്ഞു. സ്‌കോട്ട് ബോളണ്ടിനെ ബൗണ്ടറി കടത്തിയായിരുന്നു നിതീഷ് റെഡ്ഡിയുടെ സെഞ്ചുറി പൂര്‍ത്തീകരണം.

തന്റെ ഹെല്‍മെറ്റ് അഴിച്ചുമാറ്റി ബാറ്റില്‍ അണിയിച്ച നിതീഷ് മുട്ടുകുത്തി മുകളിലേക്ക് സല്യൂട്ട് നല്‍കി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ 80000 ത്തോളം വരുന്ന ജനക്കൂട്ടം കൈയടിയോടെ എഴുന്നേറ്റ് നിതീഷ് റെഡ്ഡിക്കൊപ്പം ചേര്‍ന്നു. മകന്‍ ചരിത്രം കുറിക്കുന്നതിന് നിതീഷിന്റെ പിതാവും കണ്ണീരോടെ ഗാലറിയില്‍ സാക്ഷ്യംവഹിച്ചു.

നേരത്തെ തലുങ്ക് ചിത്രം പുഷ്പയിലെ സ്റ്റൈലിലായിരുന്നു നിതീഷ് അര്‍ധസെഞ്ചുറി ആഘോഷിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ആന്ധ്രാ താരത്തിന്റെ കന്നി അര്‍ദ്ധ സെഞ്ചുറി കൂടിയായിരുന്നു. പുഷ്പയിൽ അല്ലു അര്‍ജുന്‍ കൈ കൊണ്ട് കാണിക്കുന്ന ആക്ഷന്‍ മെല്‍ബണില്‍ ബാറ്റുകൊണ്ട് കാണിച്ചായിരുന്നു നിതീഷിന്റെ ആഘോഷം.

നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആദ്യ വിദേശപര്യടനം കൂടിയായിരുന്നു ഇത്. ഓസ്ട്രേലിയന്‍ പര്യടനത്തിനായി നിതീഷിനെ തിരഞ്ഞെടുത്തപ്പോള്‍ പുരികം ഉയര്‍ത്തിയവരുണ്ടായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച നിതീഷ് നാലാം മത്സരത്തില്‍ നെറ്റി ചുളിച്ചവർക്ക് കൃത്യമായ മറുപടിയും നല്‍കി.

176 പന്തില്‍ 59.66 സ്ട്രൈക്ക് റേറ്റില്‍ 105 റണ്‍സുമായി നിതീഷ് പുറത്താകാതെ തുടരുന്നുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍ 162 പന്തില്‍ 50 റണ്‍സെടുത്തു. 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എട്ട്-ഒമ്പത് നമ്പര്‍ ബാറ്റര്‍മാരുടെ കൂട്ടുക്കെട്ട് ഒരു ഇന്നിംഗ്സില്‍ 150-ലധികം പന്തുകള്‍ നേരിടുന്നത്.

ഈ ഇന്നിങ്സോടെ, സച്ചിന്‍ തെണ്ടുല്‍ക്കറിനും ഋഷഭ് പന്തിനും ശേഷം ഓസ്ട്രേലിയയില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററായും നിതീഷ് മാറി.