വൈറലായ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen grabs from X @ManojSh28986262
ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് ബൈക്ക് യാത്രക്കാരന് പരിക്ക്. പാമ്പുള്ള വിവരം അറിയാതെ ഹെല്‍മെറ്റ് ധരിച്ചപ്പോഴാണ് യാത്രക്കാരന് കടിയേറ്റത്. മൂര്‍ഖന്റെ കുഞ്ഞാണ് ഹെല്‍മെറ്റിനകത്ത് ഉണ്ടായിരുന്നത്. ഇതിനെ പിന്നീട് സ്‌നേക് റെസ്‌ക്യൂവര്‍ എത്തി സുരക്ഷിതമായി പുറത്തെടുത്തുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നടന്ന സംഭവം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. വീഡിയോയില്‍ നിന്നുള്ള സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത് സംഭവം കര്‍ണാടകയിലാണ് നടന്നതെന്നാണ്. അതേസമയം പ്രാദേശികമായ സ്ഥലം ഏതാണെന്നോ പാമ്പുകടിയേറ്റയാളെ കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ലെന്ന് റിപ്പബ്ലിക് വേൾഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം ഒരുകോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേര്‍ കമന്റായി തങ്ങളുടെ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത് ഞെട്ടിക്കുന്നതാണെന്നും വളരെ അപകടകരമാണെന്നുമെല്ലാമാണ് കമന്റുകള്‍. പാമ്പിന്റെ കടിയേറ്റയാള്‍ ഇപ്പോഴും ജീവനോടെയുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്.
കേരളത്തിലും സമാനമായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് ബൈക്കോടിക്കുന്നതിനിടെ പാമ്പുകടിയേറ്റിരുന്നു. ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന വലിയ പാമ്പാണ് രാഹുലിനെ കടിച്ചത്. ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരുന്ന അണലിയുമായി ഗുരുവായൂര്‍ സ്വദേശി മണിക്കൂറുകളോളം ബൈക്കില്‍ കറങ്ങിയ സംഭവവും വാര്‍ത്തയായിരുന്നു. തൃശൂര്‍ സ്വദേശി സാജന്‍ സ്‌കൂട്ടറെടുക്കാന്‍ വന്നപ്പോള്‍ ഹെല്‍മെറ്റില്‍ പാമ്പിനെ കണ്ടത് 2023 നവംബറിലാണ്. കണ്ണൂര്‍ തളിപ്പറമ്പില്‍ ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടത് ഈ വര്‍ഷം ജൂലൈയിലാണ്.
