കേരള ഹൈക്കോടതി

കൊച്ചി ∙ വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ടനീതി വേണ്ടെന്നും, സർക്കാരിനും പൗരനും രണ്ടു തരത്തിൽ നിയമം വ്യാഖ്യാനിക്കരുതെന്നും ഹൈക്കോടതി. ആരാധനാലയങ്ങളിലെ വെടിക്കെട്ടിനു ചട്ടം നടപ്പാക്കുന്ന അതേ വീര്യത്തിൽ സർക്കാർ വക പരിപാടികളിലും നടപ്പാക്കണമെന്നു ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി.

എക്സ്പ്ലോസീവ് ചട്ടത്തിൽ ഒക്ടോബർ 11നു കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ചു വെടിക്കെട്ട് നടത്താൻ ഫയർ ഡിസ്പ്ലേ ഓപ്പറേറ്റർ/അസിസ്റ്റന്റിനെ നിയമിക്കണമെന്നു വ്യവസ്ഥയുണ്ട്. നിയമനത്തിന്റെ സർട്ടിഫിക്കറ്റ് എക്സ്പ്ലോസീവ്സ് കൺട്രോളർ നൽകിയാൽ മാത്രമേ വെടിക്കെട്ട് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. നിബന്ധന പാലിച്ചില്ലെന്ന കാരണത്താൽ വെടിക്കെട്ടിനു ജില്ലാ മജിസ്ട്രേട്ട് അനുമതി നിഷേധിച്ചതിനെതിരെ പാലക്കാട്ടെ ക്ഷേത്ര ഭാരവാഹികൾ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. പ്രായോഗിക പരിഹാരം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്ര ചട്ടത്തിന്റെ പേരിൽ സർക്കാർ നിലപാടു കടുപ്പിച്ചതോടെ, ഇളവിന്റെ കാര്യത്തിൽ സർക്കാരിനെ നിർബന്ധിക്കുന്നില്ലെന്നു കോടതി പറഞ്ഞു. പക്ഷേ, സർക്കാർ പരിപാടികളിൽ നിലപാടു മാറ്റരുതെന്നും കോടതി കൂട്ടിച്ചേർത്തു. പുതുവത്സര ആഘോഷങ്ങൾക്കു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാർ നിയന്ത്രണത്തിലുള്ള പരിപാടികൾക്കുള്ള മുന്നറിയിപ്പു കൂടിയാണു വിധി.

പൊതുതാൽപര്യം കണക്കിലെടുത്താൽ സർക്കാർ നിലപാട് അഭിനന്ദനാർഹമാണെങ്കിലും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന പരിപാടികളിലും സമാന മാനദണ്ഡങ്ങൾ തന്നെ നിർബന്ധമാക്കണമെന്നു കോടതി പറഞ്ഞു. അല്ലാതെ, സർക്കാരിനും പൗരനും രണ്ടു നീതി വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.