പുഷ്പ 2-ൽ അല്ലു അർജുൻ

പുഷ്പ 2നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, ചിത്രത്തിലെ ‘ദമ്മൂന്റെ പട്ടുകൊര’ എന്ന ​ഗാനം യൂട്യൂബിൽനിന്നും സാമൂഹിക മാധ്യമങ്ങളിൽനിന്നും നീക്കി. ഗാനത്തിലെ വരികൾ വിവാദമായതോടെയാണ് നിർമാതാക്കളുടെ നീക്കം. അല്ലു അർജുൻ ആലപിച്ച ഈ ​ഗാനം ഡിസംബർ 24-നാണ് യൂട്യൂബിൽ റിലീസ് ചെയ്തത്.

പുഷ്പയും(അല്ലു അർജുൻ) ബന്‍വാര്‍ സിങ് ഷെഖാവത്തും (ഫഹദ് ഫാസിൽ) തമ്മിലുള്ള ചൂടേറിയ ഏറ്റുമുട്ടലാണ് ​ഗാനത്തിന്റെ പശ്ചാത്തലം. എന്നാൽ പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവും തുടർന്നുണ്ടായ കേസും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കെ, പാട്ടിലെ വരികൾ പോലീസിനെ പരിഹസിക്കുന്നുവെന്ന ആരോപണം ശക്തമായി ഉയർന്നു. തുടർന്നാണ് ​ഗാനം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് നിർമാതാക്കൾ എത്തിയത്.

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 36കാരിയായ രേവതി എന്ന സ്ത്രീ മരിച്ചിരുന്നു. തുടർന്ന് വലിയ വിവാദങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

തിരിക്കിനിടെ ഗുരുതരമായി പരിക്കേറ്റ രേവതിയുടെ ഒമ്പതു വയസുകാരനായ മകന്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അര്‍ജുനും സിനിമയുടെ നിര്‍മാതാക്കളും നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത് കൂടാതെ സംവിധായകന്‍ സുകുമാറും 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.