നവീകരിച്ച എംഎന്‍ സ്മാരകം ഉദ്ഘാടന ചടങ്ങിൽ നിന്ന്

തിരുവനന്തപുരം ∙ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന ചടങ്ങില്‍, നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരമായ എംഎന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങുകള്‍ ഇല്ലാതെ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒട്ടേറെ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ ജീവിതമാണ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്നതെന്നു പാര്‍ട്ടി ഇതുവരെ തുടര്‍ന്നു പോന്ന പരിശുദ്ധി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം ഇന്നത്തേക്കു മാറ്റിയത്.

ണ്ടു നിലകളിലുള്ള പഴയ പാര്‍ട്ടി ആസ്ഥാനം പൊളിച്ചു മാറ്റാതെ പാരമ്പര്യത്തനിമ നിലനിര്‍ത്തിയാണ് ഒരു നിലകൂടി പണിത് നവീകരിച്ചിരിക്കുന്നത്. 250 പേര്‍ക്കിരിക്കാവുന്ന സമ്മേളന ഹാള്‍, ലൈബ്രറി, സോഷ്യല്‍ മീഡിയ റൂം, ഗസ്റ്റ് ഹൗസ്, കന്റീന്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ഹാളിന് കാനം രാജേന്ദ്രന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1962ല്‍ ആണ് സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായി ഈ കെട്ടിടം നിര്‍മിച്ചത്. പാര്‍ട്ടി നേതാവ് എം.എന്‍.ഗോവിന്ദന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1985ല്‍ എംഎന്‍ സ്മാരകമെന്നു നാമകരണം ചെയ്തു.

നവീകരിച്ച എംഎന്‍ സ്മാരകം ഉദ്ഘാടന ചടങ്ങിൽ നിന്ന്