കൊടും തണുപ്പിൽ ഗാസയിലെ ഒരു അഭയാർഥി ടെന്റ്‌/ ഫോട്ടോ: എ.പി

ഗാസാസിറ്റി : ഗാസയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ കൊടുംതണുപ്പ് സഹിക്കാനാവാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് തുടര്‍ക്കഥയാവുന്നു. പ്രസവിച്ച് മൂന്നാഴ്ച പ്രായമായ സില എന്ന കുഞ്ഞുകൂടി മരണപ്പെട്ടതോടെ കൊടുംതണുപ്പില്‍ മരണപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.

”ചൊവ്വാഴ്ച രാത്രി ഒന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. കൂടാരത്തിലേക്ക് കാറ്റടിച്ചുകയറി. അവളെ ഞാന്‍ കമ്പിളിയില്‍ പൊതിഞ്ഞുവെച്ചു. മുതിര്‍ന്നവരായ ഞങ്ങള്‍ക്കുപോലും തണുപ്പ് സഹിക്കാനായിരുന്നില്ല. രാത്രി മൂന്നുതവണ സില ഉറക്കംഞെട്ടി കരഞ്ഞു. രാവിലെ അവളുണര്‍ന്നില്ല.” -ഖാന്‍ യൂനിസിലെ മവാസിയിലുള്ള അഭയാര്‍ഥിക്കൂടാരത്തില്‍ തണുപ്പേറ്റുമരിച്ച കുഞ്ഞു സിലയുടെ പിതാവ് മഹ്‌മൂദ് അല്‍ ഫസീ ഇതുപറയുമ്പോള്‍ വിതുമ്പി. മൂന്നാഴ്ചയേ സിലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളൂ.

48 മണിക്കൂറിനിടെ ഗാസയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ കൊടുംതണുപ്പേറ്റ് മരിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് സില. മറ്റുള്ളവര്‍ ഒരുമാസവും മൂന്നുദിവസവും പ്രായമുള്ളവരായിരുന്നു. അതിനിടെ, മധ്യഗാസയിലെ നുസെയ്റത്ത് അഭയാര്‍ഥിക്യാമ്പിലെ അല്‍ അദ്‌വ ആശുപത്രിക്കു സമീപമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.