ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ |ഫോട്ടോ:AFP

മെല്‍ബണ്‍ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ ആദ്യംദിനം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ്. ഒസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ബുംറയ്ക്ക് മുന്നില്‍ മധ്യനിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

അരങ്ങേറ്റം കുറിച്ച 19കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്റെ പഞ്ചോടെയുള്ള ബാറ്റിങ് ഓസ്‌ട്രേലിയയ്ക്ക് കരുത്തേകി. അര്‍ധസെഞ്ചുറിയുമായി കോണ്‍സ്റ്റാസ് അരങ്ങേറ്റം ഗംഭീരമാക്കി. കോണ്‍സ്റ്റാസിനെ (60) കൂടാതെ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലെബുഷെയ്ന്‍ (72) സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി. കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന ട്രാവിസ് ഹെഡ് പൂജ്യത്തിന് മടങ്ങി. മിച്ചല്‍ മാര്‍ഷിനും കാര്യമായി ഒന്നും ചെയ്യാനായില്ല. സ്മിത്തും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് നിലവില്‍ ക്രീസിലുള്ളത്.

ബുംറ മൂന്നും ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കി.

ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് ആദ്യസെഷനില്‍ ഖവാജകോസ്റ്റാസ് കൂട്ടുക്കെട്ടിനെ പിടിച്ചുകെട്ടാനായിരുന്നില്ല. പ്രതിരോധിക്കാതെ ആക്രമണശൈലിയില്‍ ബാറ്റേന്തിയ 19കാരനായ കോണ്‍സ്റ്റാസ് ബുംറയെ അടക്കം ഭയമില്ലാതെ നേരിട്ടു. ഏഴാം ഓവറില്‍ ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായ ബൗണ്ടറികള്‍ പറത്തിയും കോണ്‍സ്റ്റാസ് ശ്രദ്ധപിടിച്ചുപറ്റി.

ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറക്കെതിരെ സിക്‌സര്‍ പറത്തുന്ന എട്ടാമത്തെ ബാറ്ററായി കോണ്‍സ്റ്റാസ് റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേരും ഇതിനിടെ രേഖപ്പെടുത്തി. രണ്ട് സിക്‌സും ആറ് ഫോറുകളും അടങ്ങിയതായിരുന്നു കോണ്‍സ്റ്റാസിന്റെ ഇന്നിങ്‌സ്. ഒടുവില്‍ രവീന്ദ്ര ജഡേജയ്ക്ക് മുന്നിലാണ് കോണ്‍സ്റ്റാസ് വീണത്. മത്സരത്തിനിടെ വിരാട് കോലി കോണ്‍സ്റ്റാസുമായി കൂട്ടിമുട്ടിയതും തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കവും വിവാദങ്ങള്‍ക്കിടയാക്കി.

ശുഭ്മാന്‍ ഗില്‍ ഇല്ല എന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി എത്തുമെന്നതും ശ്രദ്ധേയമാണ്.